Tuesday, December 22, 2009

സംഘ കാല നാണയങ്ങള്‍


പ്രാചീന സാഹിത്യത്തിലും ശാസനകളിലും ധാരാളം പരാമര്‍ശിക്കപ്പെട്ട ഭൂപ്രദേശമാണു കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യ. ദക്ഷിണമേഖലയിലെ പ്രശസ്ത ഭരണവിഭാഗങ്ങളാണു ചേര,പാണ്ഢ്യ,ചോള രാജ്യവംശങ്ങള്‍.പാണ്ഡ്യ രാജ്യത്തെ മുത്തുകളും പട്ടുവസ്ത്രങ്ങളും മൗര്യസാമ്രാജ്യത്തില്‍ പോലും പ്രശസ്തമായിരുന്നു. തമിഴകം വാണിരുന്ന ഈ മൂന്നുവംശങ്ങളിലും പെട്ട ആദ്യകാലരാജാക്കന്മാരെ പറ്റി"സംഘകാല"രചനകളിലൂടെയാണു നമുക്കുമനസിലാക്കാന്‍ കഴിയുന്നത്‌.പരസ്പരം യുദ്ധം ചെയ്തിരുന്ന ഇവരില്‍ കൂടുതല്‍ ശക്തര്‍ ചോളരായിരുന്നു.ഈകാലത്തെ ചോളരാജക്കന്മാരില്‍ പ്രശസ്തനാണു'കരികാലചോളന്‍'. ചേരന്മാരില്‍ പ്രബലന്‍'ഉതിയന്‍ ചേരലാതന്‍. സംഘകാല പാണ്ഡ്യ രാജാക്കന്മാരില്‍ പ്രസിദ്ധന്‍ 'നെടുംചെഴിയപാണ്ഡ്യന്‍'എ.ഡി അഞ്ചാം നൂറ്റാണ്ടോടെ ശക്തി ക്ഷയിച്ച ഈ മൂന്ന് വംശങ്ങളും അധികാരത്തില്‍ നിന്നുംപുറംതളളപ്പെട്ടു.

പിന്നീട്‌ 7,8 നൂറ്റാണ്ടുകളില്‍ ശക്തി വീണ്ടെടുത്ത ഈ മൂന്നുവംശങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങള്‍ വികസിപ്പികുകയും പരസ്പരം പോരടിക്കുകയും ചെയ്തു.പന്ത്രണ്ടാംനൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്ന ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു നമ്മുടെകേരളത്തിന്റെ പലഭാഗങ്ങളും.ഈകാലത്തുതന്നെ ചോളന്മാര്‍ കേരളം ആക്രമിക്കുകയും ചില പ്രദേശങ്ങള്‍ കീഴടക്കുകയുംചെയ്തു.ഈകാലഘട്ടത്തില്‍ മലബാര്‍തീരം വലിയവ്യാപാരകേന്ദ്രമായി മാറുകയുണ്ടായി.. ചോള നാണയങ്ങള്‍

Saturday, July 18, 2009

ഹൂണന്മാരുടെ നാണയങ്ങള്‍
ഗുപ്തന്മാരുടെ അവസാനഘട്ടത്തില്‍ മധ്യ ഏഷ്യയില്‍ നിന്നും പേര്‍ഷ്യയിലേക്കും പിന്നീട്‌ അഫ്ഗാനിലൂടെ ഇന്ത്യയിലേക്കും വന്നെത്തിയ ഒരു വിഭാഗമാണു"ഹൂണന്‍"മാര്‍.ഗുപ്തന്മാരിലെ അവസാനകാല ഭരണാധികാരിയായിരുന്ന'സ്കന്ദഗുപ്തനെ'പരാചയപ്പെടുത്തിയ ഇവര്‍ പഞ്ചാബ്‌,മാള്‍വ,രാജസ്ഥാന്‍ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കി തങ്ങളുടെതായ ഭരണം സ്ഥാപിച്ചു.ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുവഴിയൊരുക്കിയ ഇവര്‍ എ.ഡി.500-മുതല്‍542-വരെ രാജ്യം ഭരിച്ചു.സ്വേച്ഛാധിപതികളായിരുന്ന ഹൂണരാജാക്കന്മാരില്‍ കുപ്രസിദ്ധനാണു മിഹിരകുലന്‍ എന്ന രാജവ്‌.കൂടുതലും ബുദ്ധസന്യാസിമാരായിരുന്നു ഇവരുടെ ക്രൂരതക്കു വിധേയമായത്‌.

Tuesday, June 16, 2009

ഗുപ്തകാല നാണയങ്ങള്‍


മൗര്യ കാലഘട്ടത്തിനുശേഷം പലരാജവംശങ്ങളും രൂപപ്പെടുകയും തകരുകയും ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഒരു സാമ്രാജ്യം ഉദയം ചെയ്തത്‌ എ ഡി.320-ല്‍ ചന്ദ്രഗുപ്തന്റെ വരവോടുകൂടി മഗധയില്‍ തന്നെയായിരുന്നു.ഉത്തരേന്ത്യയില്‍ പലരാജ്യങ്ങളും കീഴടക്കി ദില്ലിയിലേക്കും പിന്നീട്‌ ദക്ഷിണമേഖലയിലേക്കും വ്യാപിച്ച ഗുപ്തസാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം സുവര്‍ണകാലമായി അറിയപ്പെടുന്നു.ഇവരുടെ കാലത്ത്‌ സാംസ്കാരികമായും മതപരമായും വളരെ പുരോഗതി പ്രാപിക്കന്‍ രാജ്യത്തിനുകഴിഞ്ഞു.ചില സാഹിത്യകൃതികളിലൂടെയുംസ്തംഭങ്ങളില്‍ കൊത്തിയ ശാസനകളിലൂടെയും അക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളിലൂടെയുമാണു ഗുപ്തസാമ്രാജ്യത്തെപറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്‌.ശ്രീഗുപ്തന്‍ എന്ന രാജാവാണു മഗധകേന്ദ്രമാക്കി ഭരണത്തിനു തുടക്കം കുറിച്ചത്‌.ഇദ്ദേഹത്തിന്റെ കാലത്തിനുശേഷം ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ വരവോടുകൂടി രാജ്യം വികസിച്ചുതുടങ്ങി."മഹാരാജാധിരാജ"എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ചന്ദ്രഗുപ്തന്‍ രാജ്യത്തെ പ്രമുഖരാഷ്ട്രീയ ശക്തിയാക്കിമാറ്റുന്നതില്‍ പങ്കുവഹിച്ചു.ചന്ദ്രഗുപ്തന്റെയും ഭാര്യ കുമാരദേവിയുടെയും ചിത്രമുള്ള നാണയങ്ങള്‍ പ്രസിദ്ധമാണു. ചന്ദ്രഗുപ്തന്റെ മരണത്തിനുശേഷം അധികാരത്തിലെത്തിയ മകന്‍ സമുദ്രഗുപ്തനാണു റാജ്യത്തെ ശക്തിപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഭരണാധിപന്‍.ഉത്തരേന്ത്യയിലെ പലരാജ്യങ്ങളും കീഴടക്കിയതിനു പുറമെ ദക്ഷിണദേശത്തെ പന്ത്രണ്ടോളം രാജാക്കന്മാരെ പരാചയപ്പെടുത്തിയ ഇദ്ദേഹം ഒരിക്കല്‍ അശ്വമേധയാഗം നടത്തുകയുണ്ടായി.ഇതോടനുബന്ധിച്ച്‌ ഒരു കുതിരയുടെ ചിത്രമുള്ള സ്വര്‍ണ്ണനാണയവും അടിച്ചിറക്കി.സൈനികമേഖലയ്ക്കുപുറമെ കലാസാഹിത്യരംഗത്തും മഹത്തായസേവനങ്ങള്‍ നല്‍കിയ സമുദ്രഗുപ്തന്‍ വീണവായിക്കുന്ന ചിത്രമുള്‍ക്കൊള്ളുന്ന ഒരു നാണയവും പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.സമുദ്രഗുപ്തനെതുടര്‍ന്നു മകന്‍ ചന്ദ്രഗുപ്തവിക്രമാദിത്യന്‍ അധികാരത്തിലെത്തി അതോടെ സാമ്രാജ്യത്തിന്റെ വികാസം പൂര്‍ണ്ണമായി.കാളിദാസന്‍ ഉള്‍പ്പെടെയുള്ള ഒന്‍പതുമഹാകവികള്‍ ഇദ്ദേഹത്തിന്റെ സദസിനെ അലങ്കരിച്ചിരുന്നു.ഐതീഹ്യകഥകളിലെ നായകനായിരുന്ന വിക്രമാദിത്യമഹാരാജാവ്‌ ഇദ്ദേഹമായിരുന്നുവെന്നും അഭിപ്രായമുണ്ട്‌.പൊതുവെ സമ്പദ്ഘടന ഭദ്രമായിരുന്ന ഗുപ്തകാലത്ത്‌ നാണയനിര്‍മ്മിതിയില്‍ വളരെ പുരോഗതിയുണ്ടായി.സ്വര്‍ണ്ണത്തിലും വെള്ളിയിലും തന്നെയാണു നാണയങ്ങള്‍ അധികവും നിര്‍മ്മിക്കപ്പെട്ടിരുന്നത്‌.

Sunday, May 24, 2009

ജനപദ നാണയങ്ങള്‍
ഇന്ത്യാ രാജ്യത്ത്‌ പലകാലങ്ങളിലും പലദേശത്തുമായി വിവിധതരത്തിലുള്ള നാണയങ്ങള്‍ നിലനിന്നിരുന്നു.മൗര്യകാലഘട്ടത്തിലാണു മഗധയിലെ നണയങ്ങള്‍ ഏകീകരിച്ചു നടപ്പിലാക്കിയതെങ്കിലും അതിനു മുന്‍പേ തന്നെ മഗധയിലും ഗാന്ധാരത്തിലും നാണയനിര്‍മ്മിതിയുണ്ടായിരുന്നു. ഈ ജനപദങ്ങള്‍ പോലെതന്നെ പ്രശസ്തമാണു'കുരു,പാഞ്ചാല,കോസാല' ജനപദങ്ങളും.ബി.സി.300-600- കാലത്തുനിലനിന്നിരുന്ന ഈ ജനപദങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നത്‌ 'കാര്‍ഷാ- ശതമാന നാണയങ്ങള്‍ തന്നെയായിരുന്നു.മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല രാജ്യവംശങ്ങളും ഉദയംചെയ്തു. സുംഗരാജവംശവും ശതവാഹനരാജവംശവുമാണുപ്രധാനപ്പെട്ടത്‌.


ഈകാലഘട്ടത്തില്‍തന്നെയാണു ഗ്രീക്കുകാര്‍ അഫ്ഗാനിസ്താന്‍,പഞ്ചാബ്‌,സിന്ധ്‌ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കികടന്നുവന്നത്‌.അപ്പൊഴത്തെനാണയങ്ങളാണു ഇന്തോ-ഗ്രീക്കു നാണയങ്ങള്‍.ഗാന്ധാരം ആക്രമിച്ചുകൊണ്ടുകടന്നുവന്ന ഒരുവിഭാഗമാണു കുശാനരാജവംശം.ഇവരിലെ ആദ്യ പ്രമുഖ ഭരണാധികാരിയാണു'കുജാലകാഡ്ഫീസസ്‌[എഡി.40-64 ]ശേഷം അധികാരത്തിലെത്തിയ "കനിഷ്കന്‍"ആണു ഏറ്റവും പ്രഗല്‍ഭന്‍.ഇദ്ദേഹത്തിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ വളരെപ്രശസ്തം

Wednesday, May 13, 2009

മൗര്യ കാലഘട്ടത്തിലെ നാണയങ്ങള്‍


കാര്‍ഷാപണം

അഞ്ഞൂറില്‍ പരം വര്‍ഷങ്ങള്‍ നിലനിന്ന'മഹാജനപദം' ആയിരുന്നു മഗധ. അവിടുത്തെ നന്ദരാജാവിനെ പരാജയപ്പെടുത്തി രംഗത്തുവരികയും പിന്നീട്‌ സാമ്രാജ്യം വിപുലീകരിക്കുകയും ചെയ്ത മഹാചക്രവര്‍ത്തിയാണു ചന്ദ്രഗുപ്തമൗര്യന്‍.മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു ഇദ്ദേഹം. ബി.സി-321-മുതല്‍ 185-വരെയായിരുന്നു മൗര്യന്‍ മാരുടെ ഭരണകാലഘട്ടം.പാടലീപുത്രമാണുരാജ്യത്തിന്റെ തലസ്ഥാനം. ചന്ദ്രഗുപ്തന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന ചാണക്യന്റെ "അര്‍ത്ഥശാസ്ത്രം"എന്ന കൃതിയിലൂടെയാണു കാലഘട്ടത്തിലെ നാണയങ്ങളെ പറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്‌.കാര്‍ഷാപണം ആയിരുന്നു അന്നത്തെ നാണയം.വിവിധ ഇനങ്ങളിലുള്ളതും പലതരത്തിലുള്ള മുദ്രകള്‍ കൊത്തിയതുമായ നാണയങ്ങളാണു "കാര്‍ഷാകള്‍" [ചന്ദ്രഗുപ്തനെ കൂടാതെ ബിന്ദുസാരന്‍,അശോകന്‍ എന്നിവരാണു പ്രശസ്തരായ ചക്രവര്‍ത്തിമാര്‍.]ചന്ദ്രഗുപ്തന്റെ കാലത്ത്‌ അലക്സാണ്ഡറുടെ സേനാനായകനായ സെലൂക്കസ്‌ രാജ്യം ആക്രമിച്ചുവെങ്കിലും പിന്നീട്‌ സന്ധി ചെയ്യുകയും തന്റെമകളെ ചന്ദ്രഗുപ്തനു വിവാഹം ചെയ്തുകൊടുക്കുകയുമുണ്ടായി.ഇതിനെത്തുടര്‍ന്നു കാംബോജവുംഗാന്ധാരവും മഗധയോടുചേര്‍ക്കപ്പെട്ടു.പകരം അഞ്ഞൂറോളം ആനകളെ സെലൂക്കസിനു ചന്ദ്രഗുപ്തന്‍ നല്‍കി.മഗധപോലെതന്നെ പ്രശസ്തമായിരുന്നു 'ഗാന്ധാരജനപഥവും'.ഗാന്ധാരത്തില്‍നിലവിലുണ്ടായിരുന്ന നാണയമാണു'ശതമാന'. നീളമേറിയ ഇതിനെ"ബെന്റ്ബാര്‍"എന്നു പാശ്ചാത്യര്‍ വിളിക്കുന്നു.


ബെന്റ്ബാര്‍[ശതമാന]


Sunday, May 3, 2009

ആദ്യത്തെ നാണയംപീത ലോഹത്തിലെ ആദ്യ നാണയം

കാര്‍ഷാപണം

പഴയകാല നാണയങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും നാണയങ്ങളെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണീ ബ്ലോഗ്‌." രൂപദര്‍ശകന്‍" നാണയങ്ങളെപറ്റിപഠനം നടത്തിയ ആളല്ല. നാണയങ്ങള്‍ ശേഖരിക്കുന്നതിനിടെ മനസിലാക്കാന്‍ കഴിഞ്ഞ ചിലകാര്യങ്ങള്‍ പറയുന്നു... സംസ്കാരങ്ങളുടെ, സാമൂഹ്യവും സാ മ്പത്തികവുമായ അടയാളങ്ങള്‍ കൂടിയാണു നാണയങ്ങള്‍.മനുഷ്യന്‍, പരസ്പരം ആശ്രയിച്ച്‌ കൊണ്ടും കൊടുത്തും ജീവിക്കേണ്ടവരാണല്ലോ,നമുക്കാവശ്യമുള്ളതും നമ്മുടെ കയ്യില്‍ ഇല്ലാത്തതുമായ ഒന്ന് കിട്ടണമെങ്കില്‍ തരുന്നയാള്‍ക്ക്‌ അതിന്റെ മൂല്യം കൊടുക്കേണ്ടതുണ്ട്‌.നാണയങ്ങള്‍ വരുന്നതിന്റെ മുന്‍പ്‌ പരസ്പരം സാധനങ്ങള്‍ കൈമാറുന്ന രീതിയാണുണ്ടായിരുന്നത്‌. ഓരോസാധനങ്ങളും ഉല്‍പാദിപ്പിക്കാനോ നിര്‍മ്മിക്കാനോ ആവശ്യമായിവരുന്ന അധ്വാനമായിരുന്നുമൂല്യത്തിന്റെ മാനദണ്ഡം. അപ്പോഴും ഒരായുധം അല്ലെങ്കില്‍ ഒരു പശുവിനെ കിട്ടാന്‍ എത്രധാന്യം കൊടുക്കണം കുറച്ചുതേങ്ങ കൊടുത്താല്‍ എത്രധാന്യംകിട്ടും എന്നതൊക്കെയുള്ള പ്രശ്നങ്ങള്‍ അവര്‍ക്കുമുന്നില്‍ വന്നിരിക്കണം.നിയതമായമൂല്യങ്ങളുള്ള നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചതോടെ കൊടുക്കല്‍ വാങ്ങലുകള്‍ എളുപ്പമായി. ആദ്യകാല നാണയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്‌ പീതലോഹത്തിലായിരുന്നു. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്ന ലോഹമിശ്രിതമായിരുന്നു പീതലോഹം.ഇത്‌ പ്രകൃതിയുടെ തന്നെ മിശ്രണമായിരുന്നു.സ്വര്‍ണ്ണവും വെള്ളിയും പ്രകൃതിയുടെ ഇടപെടലിലൂടെ ചതഞ്ഞ്‌ പൊടിഞ്ഞ്‌ രൂപപെട്ടതാ ണത്രെ ഈലോഹസങ്കരം.ചില നദീതീരങ്ങളിലും മറ്റും ഈലോഹക്കൂട്ട്‌ സുലഭമായിരുന്നു.ലോകത്തിലെ ആദ്യത്തെ നാണയമായി പറയപ്പെടുന്ന ലൂഡിയയിലെ സ്റ്റാറ്റര്‍ പീതലോഹത്തിലായിരുന്നു. ഭാരതത്തില്‍ ഋഗ്വേദകാലത്ത്‌ തന്നെ നാണയങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നതായി പി.ഗോപകുമാര്‍ തന്റെ 'കേരള സംസ്കൃതിയുടെ സമയരേഖകള്‍ നാണയങ്ങളിലൂടെ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌."നിഷ്കം"എന്ന പേരിലായിരുന്നു ആ നാണയങ്ങള്‍ പറയപ്പെട്ടിരുന്നത്‌ ലോകത്തിലെ ആദ്യ നാണയം നിഷ്കമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു അതിനുള്ള ചിലതെളിവുകളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌, ആ പുസ്തകത്തില്‍. ശതമാന,പാദ,കൃഷ്ണാല എന്നീ നാണയങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നു. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ മൗര്യകാലത്തെ നാണയങ്ങളെപ്പ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്‌. ലോകത്താദ്യമായി വ്യവസ്ഥാപിതമായ നാണയങ്ങള്‍ അടിച്ചിറക്കിയത്‌ മൗര്യസാമ്രാജ്യത്തിലായിരുന്നുവെന്നും നാണയവിദ്യ ലോകത്തിനു പഠിപ്പിച്ചത്‌ കൗടില്യന്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു. മൗര്യകാലഘട്ടത്തില്‍ പ്രചാരത്തിലിരുന്ന നാണയങ്ങളില്‍ പ്രസിദ്ധമായിരുന്നു'കാര്‍ഷാപണം'ഒരു കാര്‍ഷാപണം,ഇരട്ടകാര്‍ഷാപണം,അര,എട്ടിലൊന്ന് തുടങ്ങിയ ഭിന്നങ്ങളും നിലവിലുണ്ടായിരുന്നു. കവടിയും നാണയമായി ഉപയോഗിച്ചിരുന്നു പണ്ടുകാലത്ത്‌.പിന്നീട്‌ കവടിയുടെ രൂപത്തില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള നാണയങ്ങള്‍ നിലവില്വന്നു.മുദ്രകള്‍ പതിച്ച വെള്ളി തുണ്ടുകളായിരുന്നു പഴയകാലത്ത്‌ അധികവും ഉണ്ടായിരുന്നത്‌.പലകാലത്തും പലദേശങ്ങളിലും വെള്ളി നാണയങ്ങള്‍ നിലനിന്നുപോന്നു. പ്രധാനമായും ദില്ലി പാദുഷമാരുടെ പ്രിയ നാണയമായിരുന്നു വെള്ളി ടങ്ക; കാര്‍ഷാപണം സ്വര്‍ണ്ണത്തിലും ചെമ്പിലും ഉണ്ടായിരുന്നുവെങ്കിലും അധികവും വെള്ളിയിലുള്ളതായിരുന്നു. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തിലോ തൊട്ടുടനയോ തന്നെയോ ഉണ്ടായിരുന്നു ശതമാന എന്നപേരില്‍ നീളം കൂടി അല്‍പം വളഞ്ഞ ഒരുനാണയം. ഇതും കാര്‍ഷായുമൊക്കെ കണ്ടെത്തിയത്‌ കൂടുതലും ശ്രീലങ്കയില്‍നിന്നും കാണ്ടഹാറില്‍ നിന്നുമൊക്കെയാണെന്നത്‌ വിസ്മയകരമല്ല; കാരണം ഇന്നത്തെ കാണ്ടഹാര്‍ ഗാന്ധാരം എന്ന പേരില്‍ ഭാരതത്തിന്റെ ഭാഗമായിരുന്നുവല്ലൊ;

Thursday, April 16, 2009

coins

നാണയങ്ങളെ പറ്റി ഒരു ബ്ലോഗ് ആരംഭിക്കുന്നു