Tuesday, June 16, 2009

ഗുപ്തകാല നാണയങ്ങള്‍






മൗര്യ കാലഘട്ടത്തിനുശേഷം പലരാജവംശങ്ങളും രൂപപ്പെടുകയും തകരുകയും ചെയ്തുകൊണ്ടിരിക്കെ ശക്തമായ ഒരു സാമ്രാജ്യം ഉദയം ചെയ്തത്‌ എ ഡി.320-ല്‍ ചന്ദ്രഗുപ്തന്റെ വരവോടുകൂടി മഗധയില്‍ തന്നെയായിരുന്നു.ഉത്തരേന്ത്യയില്‍ പലരാജ്യങ്ങളും കീഴടക്കി ദില്ലിയിലേക്കും പിന്നീട്‌ ദക്ഷിണമേഖലയിലേക്കും വ്യാപിച്ച ഗുപ്തസാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം സുവര്‍ണകാലമായി അറിയപ്പെടുന്നു.ഇവരുടെ കാലത്ത്‌ സാംസ്കാരികമായും മതപരമായും വളരെ പുരോഗതി പ്രാപിക്കന്‍ രാജ്യത്തിനുകഴിഞ്ഞു.ചില സാഹിത്യകൃതികളിലൂടെയുംസ്തംഭങ്ങളില്‍ കൊത്തിയ ശാസനകളിലൂടെയും അക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളിലൂടെയുമാണു ഗുപ്തസാമ്രാജ്യത്തെപറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്‌.ശ്രീഗുപ്തന്‍ എന്ന രാജാവാണു മഗധകേന്ദ്രമാക്കി ഭരണത്തിനു തുടക്കം കുറിച്ചത്‌.ഇദ്ദേഹത്തിന്റെ കാലത്തിനുശേഷം ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ വരവോടുകൂടി രാജ്യം വികസിച്ചുതുടങ്ങി."മഹാരാജാധിരാജ"എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ചന്ദ്രഗുപ്തന്‍ രാജ്യത്തെ പ്രമുഖരാഷ്ട്രീയ ശക്തിയാക്കിമാറ്റുന്നതില്‍ പങ്കുവഹിച്ചു.ചന്ദ്രഗുപ്തന്റെയും ഭാര്യ കുമാരദേവിയുടെയും ചിത്രമുള്ള നാണയങ്ങള്‍ പ്രസിദ്ധമാണു. ചന്ദ്രഗുപ്തന്റെ മരണത്തിനുശേഷം അധികാരത്തിലെത്തിയ മകന്‍ സമുദ്രഗുപ്തനാണു റാജ്യത്തെ ശക്തിപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച ഭരണാധിപന്‍.ഉത്തരേന്ത്യയിലെ പലരാജ്യങ്ങളും കീഴടക്കിയതിനു പുറമെ ദക്ഷിണദേശത്തെ പന്ത്രണ്ടോളം രാജാക്കന്മാരെ പരാചയപ്പെടുത്തിയ ഇദ്ദേഹം ഒരിക്കല്‍ അശ്വമേധയാഗം നടത്തുകയുണ്ടായി.ഇതോടനുബന്ധിച്ച്‌ ഒരു കുതിരയുടെ ചിത്രമുള്ള സ്വര്‍ണ്ണനാണയവും അടിച്ചിറക്കി.സൈനികമേഖലയ്ക്കുപുറമെ കലാസാഹിത്യരംഗത്തും മഹത്തായസേവനങ്ങള്‍ നല്‍കിയ സമുദ്രഗുപ്തന്‍ വീണവായിക്കുന്ന ചിത്രമുള്‍ക്കൊള്ളുന്ന ഒരു നാണയവും പുറത്തിറക്കിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.സമുദ്രഗുപ്തനെതുടര്‍ന്നു മകന്‍ ചന്ദ്രഗുപ്തവിക്രമാദിത്യന്‍ അധികാരത്തിലെത്തി അതോടെ സാമ്രാജ്യത്തിന്റെ വികാസം പൂര്‍ണ്ണമായി.കാളിദാസന്‍ ഉള്‍പ്പെടെയുള്ള ഒന്‍പതുമഹാകവികള്‍ ഇദ്ദേഹത്തിന്റെ സദസിനെ അലങ്കരിച്ചിരുന്നു.ഐതീഹ്യകഥകളിലെ നായകനായിരുന്ന വിക്രമാദിത്യമഹാരാജാവ്‌ ഇദ്ദേഹമായിരുന്നുവെന്നും അഭിപ്രായമുണ്ട്‌.പൊതുവെ സമ്പദ്ഘടന ഭദ്രമായിരുന്ന ഗുപ്തകാലത്ത്‌ നാണയനിര്‍മ്മിതിയില്‍ വളരെ പുരോഗതിയുണ്ടായി.സ്വര്‍ണ്ണത്തിലും വെള്ളിയിലും തന്നെയാണു നാണയങ്ങള്‍ അധികവും നിര്‍മ്മിക്കപ്പെട്ടിരുന്നത്‌.