Sunday, May 3, 2009

കാര്‍ഷാപണം

പഴയകാല നാണയങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും നാണയങ്ങളെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണീ ബ്ലോഗ്‌." രൂപദര്‍ശകന്‍" നാണയങ്ങളെപറ്റിപഠനം നടത്തിയ ആളല്ല. നാണയങ്ങള്‍ ശേഖരിക്കുന്നതിനിടെ മനസിലാക്കാന്‍ കഴിഞ്ഞ ചിലകാര്യങ്ങള്‍ പറയുന്നു... സംസ്കാരങ്ങളുടെ, സാമൂഹ്യവും സാ മ്പത്തികവുമായ അടയാളങ്ങള്‍ കൂടിയാണു നാണയങ്ങള്‍.മനുഷ്യന്‍, പരസ്പരം ആശ്രയിച്ച്‌ കൊണ്ടും കൊടുത്തും ജീവിക്കേണ്ടവരാണല്ലോ,നമുക്കാവശ്യമുള്ളതും നമ്മുടെ കയ്യില്‍ ഇല്ലാത്തതുമായ ഒന്ന് കിട്ടണമെങ്കില്‍ തരുന്നയാള്‍ക്ക്‌ അതിന്റെ മൂല്യം കൊടുക്കേണ്ടതുണ്ട്‌.നാണയങ്ങള്‍ വരുന്നതിന്റെ മുന്‍പ്‌ പരസ്പരം സാധനങ്ങള്‍ കൈമാറുന്ന രീതിയാണുണ്ടായിരുന്നത്‌. ഓരോസാധനങ്ങളും ഉല്‍പാദിപ്പിക്കാനോ നിര്‍മ്മിക്കാനോ ആവശ്യമായിവരുന്ന അധ്വാനമായിരുന്നുമൂല്യത്തിന്റെ മാനദണ്ഡം. അപ്പോഴും ഒരായുധം അല്ലെങ്കില്‍ ഒരു പശുവിനെ കിട്ടാന്‍ എത്രധാന്യം കൊടുക്കണം കുറച്ചുതേങ്ങ കൊടുത്താല്‍ എത്രധാന്യംകിട്ടും എന്നതൊക്കെയുള്ള പ്രശ്നങ്ങള്‍ അവര്‍ക്കുമുന്നില്‍ വന്നിരിക്കണം.നിയതമായമൂല്യങ്ങളുള്ള നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചതോടെ കൊടുക്കല്‍ വാങ്ങലുകള്‍ എളുപ്പമായി. ആദ്യകാല നാണയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്‌ പീതലോഹത്തിലായിരുന്നു. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്ന ലോഹമിശ്രിതമായിരുന്നു പീതലോഹം.ഇത്‌ പ്രകൃതിയുടെ തന്നെ മിശ്രണമായിരുന്നു.സ്വര്‍ണ്ണവും വെള്ളിയും പ്രകൃതിയുടെ ഇടപെടലിലൂടെ ചതഞ്ഞ്‌ പൊടിഞ്ഞ്‌ രൂപപെട്ടതാ ണത്രെ ഈലോഹസങ്കരം.ചില നദീതീരങ്ങളിലും മറ്റും ഈലോഹക്കൂട്ട്‌ സുലഭമായിരുന്നു.ലോകത്തിലെ ആദ്യത്തെ നാണയമായി പറയപ്പെടുന്ന ലൂഡിയയിലെ സ്റ്റാറ്റര്‍ പീതലോഹത്തിലായിരുന്നു. ഭാരതത്തില്‍ ഋഗ്വേദകാലത്ത്‌ തന്നെ നാണയങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നതായി പി.ഗോപകുമാര്‍ തന്റെ 'കേരള സംസ്കൃതിയുടെ സമയരേഖകള്‍ നാണയങ്ങളിലൂടെ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌."നിഷ്കം"എന്ന പേരിലായിരുന്നു ആ നാണയങ്ങള്‍ പറയപ്പെട്ടിരുന്നത്‌ ലോകത്തിലെ ആദ്യ നാണയം നിഷ്കമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു അതിനുള്ള ചിലതെളിവുകളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌, ആ പുസ്തകത്തില്‍. ശതമാന,പാദ,കൃഷ്ണാല എന്നീ നാണയങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നു. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ മൗര്യകാലത്തെ നാണയങ്ങളെപ്പ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്‌. ലോകത്താദ്യമായി വ്യവസ്ഥാപിതമായ നാണയങ്ങള്‍ അടിച്ചിറക്കിയത്‌ മൗര്യസാമ്രാജ്യത്തിലായിരുന്നുവെന്നും നാണയവിദ്യ ലോകത്തിനു പഠിപ്പിച്ചത്‌ കൗടില്യന്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു. മൗര്യകാലഘട്ടത്തില്‍ പ്രചാരത്തിലിരുന്ന നാണയങ്ങളില്‍ പ്രസിദ്ധമായിരുന്നു'കാര്‍ഷാപണം'ഒരു കാര്‍ഷാപണം,ഇരട്ടകാര്‍ഷാപണം,അര,എട്ടിലൊന്ന് തുടങ്ങിയ ഭിന്നങ്ങളും നിലവിലുണ്ടായിരുന്നു. കവടിയും നാണയമായി ഉപയോഗിച്ചിരുന്നു പണ്ടുകാലത്ത്‌.പിന്നീട്‌ കവടിയുടെ രൂപത്തില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള നാണയങ്ങള്‍ നിലവില്വന്നു.മുദ്രകള്‍ പതിച്ച വെള്ളി തുണ്ടുകളായിരുന്നു പഴയകാലത്ത്‌ അധികവും ഉണ്ടായിരുന്നത്‌.പലകാലത്തും പലദേശങ്ങളിലും വെള്ളി നാണയങ്ങള്‍ നിലനിന്നുപോന്നു. പ്രധാനമായും ദില്ലി പാദുഷമാരുടെ പ്രിയ നാണയമായിരുന്നു വെള്ളി ടങ്ക; കാര്‍ഷാപണം സ്വര്‍ണ്ണത്തിലും ചെമ്പിലും ഉണ്ടായിരുന്നുവെങ്കിലും അധികവും വെള്ളിയിലുള്ളതായിരുന്നു. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തിലോ തൊട്ടുടനയോ തന്നെയോ ഉണ്ടായിരുന്നു ശതമാന എന്നപേരില്‍ നീളം കൂടി അല്‍പം വളഞ്ഞ ഒരുനാണയം. ഇതും കാര്‍ഷായുമൊക്കെ കണ്ടെത്തിയത്‌ കൂടുതലും ശ്രീലങ്കയില്‍നിന്നും കാണ്ടഹാറില്‍ നിന്നുമൊക്കെയാണെന്നത്‌ വിസ്മയകരമല്ല; കാരണം ഇന്നത്തെ കാണ്ടഹാര്‍ ഗാന്ധാരം എന്ന പേരില്‍ ഭാരതത്തിന്റെ ഭാഗമായിരുന്നുവല്ലൊ;

6 comments:

Areekkodan | അരീക്കോടന്‍ said...

പഴയകാല നാണയങ്ങളെപ്പറ്റി നല്ല വിവരണം നല്‍കിയ രൂപദര്‍ശകന്‌ അഭിനന്ദനങ്ങള്‍.വിജ്ഞാനപ്രദമായ ഇത്തരം പോസ്റ്റുകള്‍ ബൂലോകത്തെ പലര്‍ക്കും പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

roopadarsakan said...

താങ്കളുടെ പ്രോല്‍സാഹനങ്ങള്‍ക്കുനന്ദി. തുടര്‍ന്നും ഉപദേശ,നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

ഹന്‍ല്ലലത്ത് Hanllalath said...

നല്ല ശ്രമം....
തുടരുക...

Jayasree Lakshmy Kumar said...

അരീക്കോടൻ മാഷ് നൽകിയ ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. ആദ്യനന്ദി അരീക്കോടൻ മാഷിന്, വിജ്ഞാനപ്രദമായ ഈ പോസ്റ്റ് പരിചയപ്പെടുത്തിയതിന്. നാണയങ്ങളുടെ ചരിത്രം വിവരിച്ചു കോന്റുള്ള ഈ ആദ്യ പോസ്റ്റ് തന്നെ വളരേ നന്നായി രൂപദർശകൻ. നന്ദി.പഴയകാലത്തെ, ഒരു സാധനത്തിനു പകരം മറ്റൊരു സാധനം നൽകിക്കൊണ്ടുള്ള കൈമാറ്റരീതിയുടെ [barter system]ഓർമ്മപുതുക്കൽ പോലെ നോർത്ത് പറൂരിൽ വർഷത്തിലൊരിക്കൽ “മാറ്റച്ചന്ത” നടക്കുന്നതായി പറഞ്ഞറിഞ്ഞിട്ടുണ്ട്. ഇപ്പോഴും തുടരുന്നുണ്ടോ എന്നറിയില്ല
പുതിയ അറിവുകളുമായി വരുന്ന പോസ്റ്റുകൾ കാക്കുന്നു :)

roopadarsakan said...
This comment has been removed by the author.
roopadarsakan said...

ഹന്‍ലലത്‌,എന്റെനാട്ടുകാരാ നിങ്ങളുടെപേരുവായിക്കാന്‍ അല്‍പം വിഷമിച്ചു. ബൂലോഗത്ത്‌ വെച്ചു ഞാന്‍ നേരത്തെകണ്ടിട്ടുണ്ടായിരുന്നു.വീണ്ടുംകാണാം
thanks
പ്രിയ ലക്ഷ്മീ,നിങ്ങളുടെവാക്കുകള്‍ വരകള്‍ പോലെ എന്നെ സന്തോഷിപ്പിക്കുന്നു.മാറ്റചന്തയുടെ ഓര്‍മപുതുക്കല്‍ നടക്കുന്നുവെന്നത്‌ വിസ്മയകരം തന്നെ.നന്ദി